MERYKKUNDORU KUNJADU

മേരിയുടെ കുഞ്ഞാട് രസികന്‍

PRO
PRO
അടുത്ത വീട്ടിലെ അതേ പയ്യന്‍ തന്നെ. കൃസൃതിത്തരങ്ങളും അല്‍പ്പം വില്ലത്തരവുമുള്ള പയ്യന്‍. അല്‍പ്പമൊന്നു തടിച്ചിട്ടുണ്ടുവെന്നതൊഴിച്ചാല്‍ കാര്യമായി മാറ്റമൊന്നുമില്ല. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ആദ്യപ്രദര്‍ശനം കാണുമ്പോള്‍ മനസ്സില്‍ തോന്നിയത് ഇങ്ങനെയൊക്കെയാണ്. അതേ മലയാളി പ്രേക്ഷര്‍ ഇഷ്ടപ്പെടുന്ന മാനറിസങ്ങളുമായി ദിലീപ് തിരിച്ചു വന്നിരിക്കുന്നു.

മലയാളത്തിലെ മിക്കതാരങ്ങളെയും അണിനിരത്തി ഒരുക്കിയ ട്വന്റി 20യുടെ വന്‍വിജയത്തിനു ശേഷം വന്ന ചിത്രങ്ങളില്‍ നടനെന്ന നിലയില്‍ ദിലീപ് തീര്‍ത്തും നിറം മങ്ങിപ്പോയിരുന്നു. താരമൂല്യം ഇടിഞ്ഞുതുടങ്ങിയപ്പോള്‍ പാപ്പി അപ്പച്ച, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങളുടെ വിജയമാണ് ദിലീപിന് ആശ്വാസമായത്.( മറ്റ് ചിത്രങ്ങളുടെ കാര്യമായ വെല്ലുവിളിയില്ലാത്തതിനാലാണ് ഇവ പ്രദര്‍ശന വിജയം നേടിയെന്ന കാര്യം വിസ്മരിക്കുന്നില്ല.)

ഏതായാലും ദിലീപിന്റെ ശനിദശ കഴിഞ്ഞുവെന്ന് കരുതാം. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ നായകകഥാപാത്രം ദിലീപിന് ശക്തമായ തിരിച്ചുവരവ് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദിലീപിനെ കുറിച്ച് പറഞ്ഞ് കാടുകയറുന്നില്ല. സിനിമയാണല്ലോ ഇവിടെ പ്രധാനം. കുടുംബസമേതം കണ്ട് രസിക്കാവുന്ന ഒരു നല്ല ചിത്രം- ഒറ്റ വാക്കില്‍ മേരിക്കുണ്ടൊരു കുഞ്ഞാടിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ഒരു നല്ല കഥയുടെ പിന്‍ബലത്തില്‍ രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ഈ ഗ്രാമത്തിലെ പള്ളിയിലെ ഗീവര്‍ഗീസ് കപ്യാരുടെ മകനാണ് സോളമന്‍. നിഷ്‌ക്കളങ്കനായ കുഞ്ഞാടെന്നത് സോളമന് ഈ സ്വഭാവം കൊണ്ടു വീണുകിട്ടിയ വിളിപ്പേരാണ്.

ആരു പറഞ്ഞാലും വിശ്വസിക്കുന്ന പ്രകൃതമാണ് സോളമന്റേത്. അതിനാല്‍ സോളമന് എന്നും അബദ്ധങ്ങള്‍ പറ്റും. സോളമന്റെ നിഷ്‌ക്കളങ്കതയെ മുതലെടുക്കുന്ന ചിലരും ഈ ഗ്രാമത്തിലുണ്ട്. സോളമനെ ശരിക്കും മനസ്സിലാക്കിയത് മേരിയാണ്. മേരിയുടെ ചില പ്രവൃത്തികളും സോളമനെ അബദ്ധങ്ങളില്‍ ചാടിക്കുന്നുണ്ട്.

ചെറുപ്പത്തിലെ ഒരുമിച്ചു കളിച്ചുവളര്‍ന്നവരാണ് ഇരുവരും. അത് പിന്നീട് പ്രണയമാകുന്നു. എന്നാല്‍, ഗ്രാമത്തിലെ വലിയ ഭൂവുടമയായ ഇട്ടിച്ചന്റെ മകളായ മേരിയെ സ്വന്തമാക്കുന്നതിനായി സോളമന് നിരവധി പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വരുന്നത്. പ്രണയസാക്ഷാത്ക്കാരത്തിനായി സോളമന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. കഥ മുഴുവനായി പറയുന്നതില്‍ കാര്യമില്ലല്ലോ...മേരിക്കുണ്ടൊരു കുഞ്ഞാട് കണ്ടുതന്നെ അറിയേണ്ട ചിത്രമാണ്.

ദിലീപ് സോളമനെ മികവുറ്റതാക്കിയിട്ടുണ്ട്. മേരിയെ അവതരിപ്പിച്ച ഭാവനയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. ബിജു മേനോന്റെ അഭിനയവും ശ്രദ്ധേയമാണ്. ചിത്രത്തെ മികച്ചതാക്കുന്നതില്‍ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സലിംകുമാര്‍ തുടങ്ങിയ ഹാസ്യനിരയുടെ സംഭാവനയും പ്രശംസയര്‍ഹിക്കുന്നു.

ഷാഫി തന്റെ മുന്‍‌ചിത്രങ്ങളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഒരുക്കിയിരിക്കുന്നത്. ഒരു ഗ്രാമീണ ജീവിതത്തിന്റെ നേര്‍പകര്‍പ്പു വര്‍ച്ചുകാട്ടിയാണ് ഷാഫി കഥ പറയുന്നത്. അതിനാല്‍ ഒന്നിനും പ്രത്യേകിച്ചു നര്‍മ്മരംഗങ്ങള്‍ക്ക് ഏച്ചുകെട്ടലുകള്‍ അനുഭവപ്പെടുന്നില്ല.

എന്നാല്‍ തിരക്കഥയില്‍ ചില യുക്തിഭദ്രമില്ലായ്മ നിഴലിക്കുന്നുണ്ട്. ചില കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോള്‍ തന്റെ മുന്‍‌ചിത്രങ്ങളിലെ രംഗങ്ങള്‍ ബെന്നി പി നായരമ്പലത്തിന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് തോന്നുന്നു.

ഗ്രാമത്തിന്റെ പച്ചപ്പും മനോഹാരിതയും പകര്‍ത്തുന്നതില്‍ ഛായാഗ്രാഹകന്‍ ശ്യാംദത്ത് വിജയിച്ചിട്ടുണ്ട്. സംഗീതമൊരുക്കിയ ബേണി ഇഗ്നീഷ്യസ് തന്റെ ജോലി ഭംഗിയാക്കിയിരിക്കുന്നു.

വൈശാഖ് സിനിമയ്ക്കു വേണ്ടി പി രാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

No comments:

Post a Comment