കാദര്‍ഭായി വീണെങ്കിലും ‘ജോജി’യുമായി തുളസീദാസ്:

കാദര്‍ഭായി വീണെങ്കിലും ‘ജോജി’യുമായി തുളസീദാസ്  
 

മിമിക്സ് പരേഡ്, കാസര്‍കോട് കാദര്‍ഭായ് എന്നീ സിനിമകളുടെ തുടര്‍ച്ചയായി ‘എഗൈന്‍ കാസര്‍കോട് കാദര്‍ഭായ്’ എടുത്ത് പരാജയം രുചിച്ച സംവിധായകനാണ് തുളസീദാസ്. കഴിഞ്ഞ വര്‍ഷത്തെ കനത്ത പരാജയങ്ങളിലൊന്ന് കാദര്‍ഭായിയായിരുന്നു. എന്നാല്‍ തുടരന്‍ സിനിമകളുടെ ട്രാക്ക് വിട്ടുകളയാന്‍ തുളസീദാസ് തയ്യാറല്ല. അതുകൊണ്ടുതന്നെ ഇത്തവണ ‘ജോജി’യെ കളത്തിലിറക്കാന്‍ തുളസീദാസ് തയ്യാറെടുക്കുകയാണ്.

ഓര്‍മയില്ലേ ജോജിയെ? ജോനകപറമ്പില്‍ ജിതേന്ദ്ര വര്‍മയെന്ന അതേ ജോജി. ജീവിക്കാനായി ഹാജിയാരുടെ സ്കൂളില്‍ മുസ്ലീമായി വേഷമിടേണ്ടി വന്ന അതേ ജോജി. ജോജിയുടെ കള്ളി വെളിച്ചത്താക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത അതേ സ്കൂളിലെ കായികാധ്യാപകനായ അലിയാര്‍ മാഷ്.

ഇവര്‍ തമ്മിലുള്ള എലിയും പൂച്ചയും കളികളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ‘മലപ്പുറം ഹാജി മഹാനായ ജോജി’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. തുളസീദാസിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 1994ല്‍ പുറത്തിറങ്ങിയ മലപ്പുറം ഹാജി മഹാനായ ജോജി.

മലപ്പുറം ഹാജിയ്ക്ക് തൂലിക ചലിപ്പിച്ച രാജന്‍ കിരിയത്ത് തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്. മുകേഷിനു പുറമെ സിദ്ദിഖ്, ജഗതി, പ്രേംകുമാര്‍, മധു തുടങ്ങിയവരെല്ലാം രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങളിലുണ്ടാകും.

രണ്ടാം ഭാഗങ്ങളുടെ ഒരു പരമ്പര തന്നെയാണ് മോളിവുഡിന്‍റെ അണിയറയില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. രതിനിര്‍വേദം, അവളുടെ രാവുകള്‍, മൂക്കില്ലാ രാജ്യത്ത്, കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ തുടങ്ങിയവയാണ് ഹാജിക്ക് പുറമെ അണിയറയില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗങ്ങള്‍.

No comments:

Post a Comment