Drona, Vandemataram are big flops

ദ്രോണയും വന്ദേമാതരവും ബോക്സോഫീസ് ദുരന്തങ്ങള്‍ 
രവിശങ്കരന്‍


2010 മലയാളത്തിലെ ‘എം ആന്‍റ് എം’ കമ്പനിക്ക് നേട്ടത്തിന്‍റെയും തിരിച്ചടിയുടെയും വര്‍ഷമായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗുണവും ദോഷവും ഒരുപോലെ അനുഭവിക്കേണ്ടിവന്ന വര്‍ഷം. താരതമ്യപ്പെടുത്തുമ്പോള്‍ മോഹന്‍ലാലിനാണ് കൂടുതല്‍ ആഘാതമുണ്ടായത്. മമ്മൂട്ടി ചില നല്ല ചിത്രങ്ങളുമായി നില ഭദ്രമാക്കി. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയചിത്രങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അവയില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്നത് മമ്മൂട്ടിയുടെയും ലാലിന്‍റെയും ചിത്രങ്ങളാണ്.

‘ദ്രോണ2010’ എന്ന ഷാജികൈലാസ് സിനിമയുടെ തകര്‍ച്ചയാണ് മമ്മൂട്ടിക്ക് കഴിഞ്ഞ വര്‍ഷം ഞെട്ടല്‍ സമ്മാനിച്ച അനുഭവം. ബോക്സോഫീസില്‍ തവിടുപൊടിയാകുകയായിരുന്നു ഈ സിനിമ. ഈ സിനിമയുടെ പരാജയത്തില്‍ മനം‌നൊന്ത് സംവിധായകന്‍ ഷാജി കൈലാസ് സിനിമാരംഗം ഉപേക്ഷിക്കാന്‍ പോലും മുതിര്‍ന്നു. മൂന്നരക്കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ദ്രോണ തിയേറ്ററുകളില്‍ നിന്ന് വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും നിര്‍മ്മാതാവ് എം മണിക്കുണ്ടായ ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഒടുവില്‍ ഷാജിയും മമ്മൂട്ടിയും ചേര്‍ന്ന് ‘ആഗസ്റ്റ് 15’ എന്ന സിനിമ ഒരുക്കുകയാണിപ്പോള്‍.

മോഹന്‍ലാലിന്‍റെ ‘അലക്സാണ്ടര്‍ ദി ഗ്രേറ്റ്‍’ ആണ് കത്തിയമര്‍ന്ന മറ്റൊരു വന്‍ പ്രതീക്ഷ. റെയിന്‍‌മാന്‍ എന്ന ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ സിനിമ മുരളി നാഗവള്ളിയാണ് സംവിധാനം ചെയ്തത്. ബിഗ് ബജറ്റിലൊരുക്കിയ ഈ സിനിമയുടെ റിലീസിംഗ് തീയതികള്‍ പല തവണ മാറിപ്പോയതും സിനിമയെക്കുറിച്ച് ആദ്യം തന്നെ പ്രചരിച്ച മോശം അഭിപ്രായവും അലക്സാണ്ടറെ കനത്ത പരാജയത്തിലേക്ക് നയിച്ചു. തിരക്കഥയ്ക്ക് ബലമില്ലാത്തതും കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വമില്ലാത്തതും സിനിമയ്ക്ക് വിനയായി. ഒരു ഇടവേളയ്ക്ക് ശേഷം വി ബി കെ മേനോന്‍ നിര്‍മ്മിച്ച അലക്സാണ്ടര്‍ ദി ഗ്രേറ്റ് അദ്ദേഹത്തിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

14 കോടി രൂപയായിരുന്നു നിര്‍മ്മാതാവ് ഹെന്‍‌ട്രി ‘വന്ദേമാതരം’ എന്ന മലയാളം - തമിഴ് പ്രൊജക്ടിനു വേണ്ടി ചെലവഴിച്ചത്. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം തിരിച്ച് പെട്ടിക്കുള്ളില്‍ കയറി. മാത്രമല്ല, മമ്മൂട്ടിക്കെതിരെ പരസ്യ വിമര്‍ശനവുമായി ഹെന്‍‌ട്രി രംഗത്തെത്തുകയും ചെയ്തു. 10 ഷെഡ്യൂളുകളും 100 ദിവസത്തെ ഷൂട്ടിംഗുമൊക്കെയായി മാരത്തോണ്‍ ചിത്രീകരണമാണ് ഈ മമ്മൂട്ടി - അര്‍ജുന്‍ ചിത്രത്തിനുവേണ്ടി നടത്തിയത്. നവാഗതനായ ടി അരവിന്ദായിരുന്നു സംവിധായകന്‍. ഇത്രയും വലിയ തകര്‍ച്ച മമ്മൂട്ടിയുടെ കരിയറിലെ തന്നെ അപൂര്‍വം സംഭവമാണ്.

ബക്കറ്റ് ലിസ്റ്റ് എന്ന ഹോളിവുഡ് ക്ലാസിക്കിനെ കോപ്പിയടിച്ചുണ്ടാക്കിയ സൃഷ്ടിയായിരുന്നു സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സ്. ഹാപ്പി ഹസ്ബന്‍ഡ്സിനു ശേഷം സജിയും കൃഷ്ണ പൂജപ്പുരയും ഒത്തുചേര്‍ന്ന ഈ സിനിമയെ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. തിയേറ്ററുകളില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ ജയറാം, കുഞ്ചാക്കോ, ജയസൂര്യ, മീരാ ജാസ്മിന്‍ ടീമിന്‍റെ ഈ കൂട്ടായ്മയ്ക്ക് സാധിച്ചില്ല. കമലഹാസന്‍റെ സാന്നിധ്യം പോലും ചിത്രത്തിന് രക്ഷയായില്ല. മൂന്നരക്കോടി ചെലവിട്ട ഈ സിനിമ പക്ഷേ, വീഡിയോ - ഓവര്‍ സീസ് റൈറ്റുകളും റീമേക്ക് അവകാശങ്ങളുമെല്ലാം കൂടി നിര്‍മ്മാതാവിന് വലിയ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിന്‍റെ മൂന്ന് വമ്പന്‍ സിനിമകള്‍ - താന്തോന്നി, അന്‍‌വര്‍, ദി ത്രില്ലര്‍ - തകര്‍ന്നടിഞ്ഞ വര്‍ഷമായിരുന്നു 2010. വമ്പന്‍ ഇനിഷ്യല്‍ കളക്ഷനുശേഷം മൂക്കുകുത്തിയ ചിത്രങ്ങളായിരുന്നു ഇവ. അന്‍‌വര്‍ ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഒരു പത്രം വായിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ എന്ന ചിത്രം. വന്‍ ബജറ്റില്‍ ഒരുക്കിയ ഈ സിനിമയ്ക്കും കോടികള്‍ നഷ്ടമുണ്ടായി. തിരക്കഥയെഴുതാന്‍ ടി എ ഷാഹിദ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു നവാഗതനായ ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായകന്‍ എന്ന പദവിയിലേക്ക് കുതിക്കുകയായിരുന്ന പൃഥ്വിക്ക് ഈ സിനിമകളുടെ വീഴ്ച കനത്ത തിരിച്ചടിയായി.

റിലീസായി 25 ദിവസങ്ങള്‍ക്കുള്ളില്‍ വിതരണക്കാരന് 2.1 കോടി രൂപയുടെ ഷെയര്‍ ലഭിച്ച ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പ്രമാണി. പിന്നീട് അവിശ്വസനീയമാം‌വിധം പ്രമാണി തകര്‍ന്നടിഞ്ഞു. മമ്മൂട്ടിക്കുവേണ്ടി ഒരു കഥാപാത്രത്തെ തുന്നിയുണ്ടാക്കി എന്നതില്‍ കവിഞ്ഞ് മികച്ച കഥയുടെ അഭാവമായിരുന്നു പ്രമാണിക്ക് ദോഷമായത്. ഒരര്‍ത്ഥത്തില്‍ ഉണ്ണികൃഷ്ണന്‍റെ മുന്‍‌ഹിറ്റായ മാടമ്പിയുടെ റീമേക്ക് തന്നെയായിരുന്നു പ്രമാണി.

അമിതാഭ് ബച്ചന്‍ - മോഹന്‍ലാല്‍ - മേജര്‍ രവി ടീമിന്‍റെ കാണ്ഡഹാര്‍ തിയേറ്ററുകളില്‍ നിന്ന് തൂത്തെറിയപ്പെട്ട സിനിമയാണ്. മോശം തിരക്കഥയും അതിലും മോശമായ സംവിധാനവും ഈ സിനിമ കൊന്നുകളഞ്ഞു എന്നു പറയാതെ വയ്യ. നിര്‍മ്മാതാവായ മോഹന്‍ലാലിന് തിയേറ്ററുകളില്‍ നിന്ന് വലിയ വരുമാനം ലഭിച്ചില്ലെങ്കിലും ആശാവഹമായ നില ഈ സിനിമയ്ക്കുണ്ട്. 6.25 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. 6.5 കോടി രൂപ സാറ്റലൈറ്റ്, ഓഡിയോ, വീഡിയോ, ഓവര്‍സീസ് അവകാശങ്ങള്‍ വഴിയും തിയേറ്റര്‍ അഡ്വാന്‍സ് വഴിയും റിലീസിനു മുമ്പേ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയ ഒരു തിരിച്ചടിയുണ്ടാകാതെ മോഹന്‍ലാലിന്‍റെ പ്രണവം ആര്‍ട്സിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു എന്ന് പറയാം.
PRO


മൂന്നരക്കോടി രൂപയായിരുന്നു ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചെലവ്. മികച്ച തുടക്കം ലഭിച്ച ഈ സിനിമ പിന്നീട് പരാജയമായി മാറി. ശ്രീനിവാസന്‍ രചിച്ച തിരക്കഥ തന്നെയായിരുന്നു സിനിമയുടെ കഥ കഴിച്ചത്. മോഹന്‍ലാലിന് ഈ സിനിമയില്‍ കാര്യമായൊന്നും ചെയ്യാനില്ലാതിരുന്നത് ലാല്‍ ഫാന്‍സിനെ നിരാശരാക്കി.

മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ബെസ്റ്റ് ഓഫ് ലക്കാണ് ഈ വര്‍ഷത്തെ വമ്പന്‍ ഫ്ലോപ്പുകളില്‍ ഒന്ന്. എന്തിനാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിച്ചതെന്നുപോലും സംശയം തോന്നിപ്പോകും. നാലാംകിട തിരക്കഥയും നിലവാരമില്ലാത്ത സംവിധാനവും. എം എ നിഷാദ് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ ഏറ്റവും മോശം ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്.

ഒരിടത്തൊരു പോസ്റ്റുമാന്‍, എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായ്, ത്രീ ചാര്‍ സൌ ബീസ്, നല്ലവന്‍, ഏപ്രില്‍ ഫൂള്‍, വലിയങ്ങാടി, സീനിയര്‍ മാന്‍ഡ്രേക്ക്, ബ്ലാക്ക് സ്റ്റാലിയണ്‍ തുടങ്ങിയ സിനിമകളും കനത്ത പരാജയം രുചിച്ചു.

No comments:

Post a Comment