Spain, Sachin and IPL

സ്‌പെയിനും സച്ചിനും പിന്നെ ഐപിഎല്ലും
 

ചിലര്‍ കേളീമികവിന്റെ പരകോടിയിലേക്ക്‌ കുതിച്ചു. മറ്റു ചിലര്‍ പടുകുഴിയിലേക്കും. അപൂര്‍വം ചിലരാകട്ടെ പ്രതീക്ഷകളില്‍ സ്ഥിരത നിലനിര്‍ത്തുകയും ചെയ്‌തു. പക്ഷേ എന്നും ജയിച്ചവന്റേതാണ്‌ ലോകം. കായിക ലോകത്തിലാകുമ്പോള്‍ പറയുകയും വേണ്ട. 2010ഉം ഓര്‍മ്മിക്കപ്പെടുക ഒന്നാമന്റെ പേരില്‍ത്തന്നെ.

നിര്‍ഭാഗ്യത്തിന്റെ കോര്‍ട്ടില്‍ നിന്ന്‌ പ്രവചനത്തിന്റെ കയ്യുംപിടിച്ച്‌ വിജയത്തിലേക്ക്‌ പന്തുരുട്ടിയ സ്‌പെയിനാണ്‌ 2010ലെ താരം. ആഫ്രിക്കയിലെ കറുത്ത മണ്ണ്‌ ആദ്യമായി ആതിഥ്യമരുളിയ ലോകമാമാങ്കത്തിലേക്ക്‌ യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ തലക്കനത്തോടെ വന്ന സ്‌പെയിന്‍ ആദ്യകളിയില്‍ പരാജയപ്പെടുകയായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിനോടേറ്റ തോല്‍വിയില്‍ നിന്ന്‌ കരകയറാന്‍ സ്‌പെയിന്‍ അധികം സമയമെടുത്തില്ല. ഫൈനലില്‍ ഹോളണ്ടിനെ കീഴടക്കി സ്‌പെയില്‍ ലോകകിരീടത്തില്‍ മുത്തമിട്ടു - ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കണ്ട കായികമുഹൂര്‍ത്തമായി അത്‌.

സ്‌പെയിനിന്റെ വിജയഗോളടിച്ച ആന്ദ്രേ ഇനിയസ്റ്റേയെ ലോകം തോളിലേറ്റി. ക്ലോസയും മുള്ളറും പൊഡോസ്‌കിയും അവസാനനിമിഷം വരെ പ്രതീക്ഷയുടെ വല ചലിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ എണ്ണത്തില്‍ കൂടുതല്‍ നിരാശപ്പെടുത്തിയവരാണ്‌. ഒരു പ്രാവശ്യംപോലും വലചലിപ്പിക്കാനാവാതെ മെസി ലോകകപ്പിന്റെ വേദനയായി. വെയിന്‍ റൂണിയും ഫോമിലെത്താനാകാതെ വലഞ്ഞു. ദൈവത്തിന്റെ കയ്യുമായി വന്ന അര്‍ജ്ജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ കയ്‌പേറിയതായി. സാക്ഷാല്‍ ഡീഗോ മറോഡയുടെ തന്ത്രങ്ങള്‍ പാഴായി. ബ്രസീലിന്റെ ദുംഗയുടെയും സ്ഥാനം പരാജയത്തിന്റെ കോര്‍ട്ടിലായി.

ലോകകപ്പിലെ യഥാര്‍ഥ താരമെന്ന്‌ വിശേഷിക്കപ്പെട്ടവരില്‍ പ്രധാനി ഇവരാരുമല്ല. സാക്ഷാല്‍ നീരാളിയാണ്‌ ആ താരം. പോള്‍ എന്ന്‌ പേരുള്ള നീരാളിയുടെ പ്രവചനം കേള്‍ക്കാന്‍ ലോകം കാതുകൂര്‍പ്പിച്ചു. ജര്‍മ്മനിയെ പ്രവചിച്ചു തോല്‍പ്പിച്ചപ്പോള്‍ ചിലരെങ്കിലും പോളിനെ വെറുക്കുകയും ചെയ്‌തു. പോളിന്റെ മരണവും കൊണ്ടാടപ്പെട്ടു.

കളിക്കളത്തിലെ ആരവങ്ങള്‍ക്കൊപ്പം ഷക്കീറയുടെ വക്കാ വക്കായും ആസ്വാദകരുടെ മനസ്സില്‍ ഉത്സവം സൃഷ്‌ടിച്ചു. ജബുലാനിയും വവുസലേയും മുഴുക്കിയ ചൂളംവിളികള്‍ അലോസരം സൃഷ്‌ടിക്കുകയും ചെയ്‌തു.

ക്രിക്കറ്റ് ചരിത്രത്തില്‍ റിക്കോര്‍ഡുകളുടെ കളിതുടരുന്ന ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറാ‍ണ് 2010ന്റെ മറ്റൊരു പ്രധാനതാരം. ഏകദിനചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി കുറിച്ച സച്ചിന്‍ ടെസ്‌റ്റ് ക്രിക്കറ്റിലെ 50ആം സെഞ്ചുറിയും നേടിയാണ് ഈ വര്‍ഷം അവിസ്മരണീയമാക്കിയത്. വര്‍ഷാദ്യം ഇന്ത്യ ആതിഥ്യമരുളിയ ഏകദിന പരമ്പരയില്‍ ദക്ഷാണാഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടാമത്തെ മത്സരത്തിലാണ്‌ സച്ചിന്‍ ഏകദിനത്തിലെ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയത്. വര്‍ഷാവസാനം ദക്ഷാണാഫ്രിക്കയ്‌ക്കെതിരേ തന്നെ അവരുടെ നാട്ടില്‍ ടെസ്‌റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ അര സെഞ്ചുറി തികച്ച സച്ചിന്‍ ജൈത്രയാത്ര തുടരുകയാണ്. ഒപ്പം ഇന്ത്യന്‍ ടെസ്റ്റ് ടീമും ഒന്നാംസ്ഥാനക്കാരായി മുന്നേറുകയാണ്.

ലോകത്തിന്റെ നെറുകയിലേയ്ക്ക് ബാഡ്മിന്റണ്‍ റാക്കറ്റുമായി ഒരു ഇന്ത്യന്‍‌താരം ഓടിക്കയറിയ വര്‍ഷംകൂടിയാണ് 2010. ലോക റാങ്കിംഗിലെ രണ്ടാംസ്ഥാനം സ്വന്തമാക്കിയ സൈന നെഹ്‌വാളാണ് ആ മിന്നുംതാരം. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അവസാനമത്സരത്തില്‍ സ്വര്‍ണം നേടി ഇന്ത്യയെ മെഡല്‍ വേട്ടയില്‍ മുന്‍നിരയിലെത്തിച്ചത് ഈ ഇരുപതുകാരിയാണ്. ഹോങ്കോംഗ് സൂപ്പര്‍ സീരീസ് കിരീട വിജയം, ഇന്തോന്യേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിയസ്, സിംഗപൂര്‍ ഓപ്പണ്‍ സീരിയസ് കിരീടം തുടങ്ങി ഒട്ടേറേ നേട്ടങ്ങളാണ് സൈന ഈ വര്‍ഷം സ്വന്തമാക്കിയത്.

No comments:

Post a Comment