തൃഷയും എടുത്തു, ഒരു ‘ന്യൂഇയര്‍ റസലൂഷന്‍’!
കഴിഞ്ഞ വര്‍ഷം തെലുങ്കിലെ ഏറ്റവും ജനപ്രിയ നായികയായിരുന്നു ഇരുപത്തിയേഴുകാരിയായ തൃഷ. എന്നാല്‍ ഇരുപത്തിനാലുകാരിയായ ഇലിയാനയുടെ കടന്നുവരവോടെ തൃഷയുടെ കിരീടം തെറിച്ചു. ‘ദേവദാസ്’ (2006) എന്ന സിനിമയിലൂടെ തെലുങ്കില്‍ എത്തിയ ഇലിയാന ഗ്ലാമര്‍ വേഷങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുത്തു. കേഡി (2006) എന്ന സിനിമയിലൂടെ തമിഴകം പിടിച്ചടക്കാന്‍ ഇലിയാന ശ്രമിച്ചെങ്കിലും പടം പാളിപ്പോയി. തുടര്‍ന്ന് തെലുങ്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഇലിയാന തെലുങ്കിലെ ഏറ്റവും ജനപ്രിയ നായികയെന്ന കിരീടം കൈക്കലാക്കുകയായിരുന്നു.
ഹിന്ദിയിലും തമിഴിലും ത്രൃഷ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് ഇലിയാന തെലുങ്കില്‍ വെന്നിക്കൊടി പാറിച്ചത്. തൃഷയുടെ ഹിന്ദി സിനിമയായ ‘ഖട്ടാ മീട്ടാ’ (സംവിധാനം പ്രിയദര്‍ശന്‍) എട്ടുനിലയില്‍ പൊട്ടി. എന്നാല്‍ ചിമ്പു നായകനായ ‘വിണ്ണൈത്താണ്ടി വരുവായാ’, കമലാഹാസന്‍ നായകനായ ‘മന്മഥന്‍ അമ്പ്’ എന്നീ സിനിമകളില്‍ മികച്ച അഭിനയം പുറത്തെടുത്ത് തമിഴകത്ത് തൃഷ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ അതൊന്നും പോരെന്നാണ് തൃഷയുടെ തീരുമാനം. നഷ്ടപ്പെട്ട തെലുങ്ക് കിരീടം 2011-ല്‍ തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ് തൃഷ.
ഇതിനിടെ തൃഷയും അസിനുമെല്ലാം വിലസുന്ന തമിഴില്‍ വീണ്ടുമൊരു കൈ നോക്കാന്‍ 2011-ല്‍ ഇലിയാന എത്തുന്നുണ്ട്. സാക്ഷാല്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘നന്‍പന്‍’ (ത്രീ ഇഡിയറ്റ്‌സിന്‍റെ റിമേക്ക് ആണിത്) എന്ന ചിത്രത്തിലൂടെയാണ് ഇലിയാന വീണ്ടും തമിഴില്‍ എത്തുന്നത്. ഒപ്പം തന്നെ, അനുരാഗ് ബസു സംവിധാനം ചെയ്യുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിലൂടെ (ബാര്‍ഫീ എന്നാണ് സിനിമയുടെ പേര്) ഹിന്ദിയിലും ഇലിയാന ഒരു കൈ നോക്കും. ഹിന്ദിക്കും തമിഴിനും ഇലിയാന ഊന്നല്‍ കൊടുക്കുന്ന സമയത്ത് തെലുങ്കില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച് നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാം എന്നാണ് തൃഷയുടെ ഐഡിയ.
അജിത്ത് നായകാനാകുന്ന ‘മങ്കാത്ത’ എന്ന സിനിമയിലാണ് തൃഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഖുഷിക, സാവിത്രി എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകള്‍ക്കും തൃഷ കരാര്‍ ആയിട്ടുണ്ട്. സാവിത്രി എന്ന സിനിമയില്‍ നയന്‍താരയാണ് നായികയെ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ ‘പേഴ്സണല്‍’ കാരണങ്ങളാല്‍ താന്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞ് നയന്‍താര ഒഴിയുകയായിരുന്നു. മികച്ച കഥാപാത്രമാണ് സാവിത്രിയിലേതെന്ന് നയന്‍താര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തായാലും, ത്രിഷ - ഇലിയാന യുദ്ധത്തില്‍ ആര്‍ക്കാണ് വിജയമെന്ന് വരും നാളുകളില്‍ കണ്ടറിയാം.
No comments:
Post a Comment