ആരായിരിക്കും ഈ വര്‍ഷം മലയാള സിനിമയുടെ വിജയ നക്ഷത്രമാകാന്‍ പോകുന്നത്. താരങ്ങളുടെ പ്രൊജക്ടുകള്‍ വിശകലനം ചെയ്തുകൊണ്ട് ഒരു പ്രവചനം.
യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയന്‍. പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്നതിലെ കൃത്യത കൊണ്ട് വ്യത്യസ്തന്‍. സാള്‍ട്ട് ആന്‍റ് പെപ്പര്‍, വയലിന്‍, ഇത് നമ്മുടെ കഥ തുടങ്ങിയ പ്രതീക്ഷയുള്ള പ്രൊജക്ടുകളാണ് ആസിഫിന് ഈ വര്‍ഷമുള്ളത്. ട്രാഫിക്കില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് വര്‍ഷാരംഭം തന്നെ ശ്രദ്ധേയനായി ആസിഫ്.
കൂടുതല്‍ പ്ലാനിംഗോടെയാണ് ഈ വര്‍ഷം മുകേഷ് നീങ്ങുന്നത്. ഹരിഹര്‍ നഗര്‍ സീരീസിലെ നാലാമത്തെ ചിത്രം ഈ വര്‍ഷമുണ്ടെന്ന് സൂചനയുണ്ട്. ‘ഞാന്‍ ബിസിയാ’ എന്നൊരു ചിത്രം മുകേഷ് നിര്‍മ്മിക്കുന്നുണ്ട്. ഭൂലോക രാജാക്കന്‍മാര്‍ സ്പീക്കിംഗ്, മാജിക് തുടങ്ങിയ സിനിമകളിലും മോഹന്‍ലാലുമായി ചേര്‍ന്ന് നാടക സംരംഭങ്ങളും ഈ വര്‍ഷം മുകേഷിന്‍റേതായുണ്ട്.
വ്യത്യസ്തമായ അപ്പിയറന്‍സിലൂടെ എന്നും കൌതുകം നല്‍കുന്ന ജയസൂര്യ ഈ വര്‍ഷവും അത് തുടരും. ത്രീ കിംഗ്സ് എന്ന ചിത്രത്തിലെ ജയസൂര്യയുടെ ഹെയര്‍സ്റ്റൈല്‍ സംസാരവിഷയമായിക്കഴിഞ്ഞു. ട്രാക്ക് വിത്ത് റഹ്‌മാന്‍, പയ്യന്‍സ്, ജനപ്രിയന്‍ തുടങ്ങിയവയാണ് ഈ വര്‍ഷം ജയസൂര്യയുടെ പ്രതീക്ഷകള്‍.
പൊലീസ് കഥാപാത്രങ്ങളാണ് സുരേഷ് ഗോപിയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ‘ഭരത്ചന്ദ്രന്‍’ തിരികെയെത്തും. കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന കഥാപാത്രത്തിലൂടെ സുരേഷ്ഗോപി തരംഗം വീണ്ടുമുണ്ടാകാന്‍ സാധ്യത. രണ്‍ജി പണിക്കരുടെ ജഡ്ജുമെന്‍റ് ഡേ, ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവയും സുരേഷ് ഗോപിയുടെ ഈ വര്‍ഷത്തെ മെഗാഹിറ്റ് പ്രതീക്ഷകളാണ്.
കഴിഞ്ഞ വര്‍ഷം വേണ്ടത്ര മുന്നേറാന്‍ കഴിയാതിരുന്ന പൃഥ്വിരാജിന് ഈ വര്‍ഷം ആശാവഹമാണ്. അര്‍ജുനന്‍ സാക്ഷി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല് എന്നിവയാണ് പ്രതീക്ഷകള്‍. പൃഥ്വി തന്നെ നിര്‍മ്മിക്കുന്ന ബിഗ്ബജറ്റ് സിനിമ ഉറുമി മലയാള സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ്.
ട്രാഫിക്കിലൂടെ ചാക്കോച്ചന്‍ തുടക്കമിട്ടുകഴിഞ്ഞു. റേസ്, ത്രീ കിംഗ്സ്, സീനിയേഴ്സ് തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്‍റെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകള്‍.
കഴിഞ്ഞ വര്‍ഷം ഹാപ്പി ഹസ്ബന്‍ഡ്സ്, കഥ തുടരുന്നു എന്നീ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരെ കൈയിലെടുത്ത ജയറാം ഈ വര്‍ഷവും ലക്‍ഷ്യം വയ്ക്കുന്നത് കുടുംബങ്ങളെത്തന്നെയാണ്. കുടുംബശ്രീ ട്രാവല്‍സ്, ചൈനാ ടൌണ്‍, മേക്കപ് മാന്‍, സീനിയേഴ്സ് എന്നിവയാണ് ജയറാമിന്‍റെ ഈ വര്‍ഷത്തെ വിഭവങ്ങള്‍.
കഴിഞ്ഞ വര്‍ഷം അടക്കിഭരിച്ച ദിലീപ് ഈ വര്‍ഷവും വ്യത്യസ്തവും രസകരവുമായ മികച്ച പ്രൊജക്ടുകളുമായാണ് എത്തുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഫിലിം സ്റ്റാര്‍, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, ചൈനാ ടൌണ്‍, ഓര്‍മ മാത്രം, വാളയാര്‍ പരമശിവം, മിസ്റ്റര്‍ മരുമകന്‍ എന്നിവയാണ് ഈ വര്‍ഷം ദിലീപ് അഭിനയിക്കുന്ന സിനിമകള്‍.
കഴിഞ്ഞ വര്‍ഷം പ്രാഞ്ചിയേട്ടനെ തന്ന മമ്മൂട്ടി ഈ വര്‍ഷവും മികച്ച സിനിമകളുടെ ഭാഗമാകുന്നു. ഓഗസ്റ്റ് ഒന്ന്, ഡബിള്‍സ്, കിംഗ് ആന്‍റ് ദി കമ്മീഷണര്‍, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്നിവ ഈ വര്‍ഷം മമ്മൂട്ടിയുടെ മെഗാഹിറ്റ് സ്വപ്നങ്ങളാണ്. മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന മതിലുകള്‍ക്കപ്പുറവും രഞ്ജിത്തിന്‍റെ തിരക്കഥയിലൊരുങ്ങുന്ന രാവ് മായുമ്പോള്‍ എന്ന സിനിമയും മമ്മൂട്ടിയിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന സിനിമകളായിരിക്കും.
മോഹന്‍ലാലിന്‍റെ വര്‍ഷമായി 2011 മാറാനുള്ള സാധ്യതകളാണ് കാണാനാവുന്നത്. വമ്പന്‍ പ്രൊജക്ടുകളും കൌതുകമുണര്‍ത്തുന്ന കോമ്പിനേഷനുകളും ലാല്‍ ഈ വര്‍ഷം പരീക്ഷിക്കുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്സ്, കാസനോവ, ചൈനാ ടൌണ്‍ എന്നിവയെ ഷുവര്‍ ഹിറ്റ് വിഭാഗത്തില്‍ പെടുത്താം. സത്യന്‍ അന്തിക്കാടിന്‍റെ ജീവിതരാഗമാണ് മോഹന്‍ലാലിന്‍റെ ഒരു പ്രധാന ചിത്രം. പ്രിയദര്‍ശന്‍, ബ്ലെസി, ലാല്‍ ജോസ് എന്നിവരുടെ സിനിമകളും ഈ വര്‍ഷം മോഹന്‍ലാലിന്‍റേതായി റിലീസാകും.
No comments:
Post a Comment