Sourav Ganguly goes unsold at IPL-4 auction

ഗാംഗുലിക്കും ഗെയ്‌ലിനും സംഭവിച്ചതെന്ത്?
 

സൌരവ് ഗാംഗുലി എന്ന ബംഗാള്‍ കടുവ ആകാശം മുട്ടെ ഉയരത്തില്‍ സിക്സറുകള്‍ പറത്തിയിരുന്നപ്പോള്‍ ആര്‍ത്തുവിളിച്ചവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ ഇന്ത്യയുടെ ഐ പി എല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാ‍ത്തവനായി ഗാംഗുലി മാറുന്നതും കായികലോകത്തിന് കാണേണ്ടിവന്നു. ഒപ്പം ദുഃഖ കഥാപാത്രമായി വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലും.

നാലുലക്ഷം ഡോളറായിരുന്നു സൌരവ് ഗാംഗുലിയുടെ അടിസ്ഥാന ലേലത്തുക. എന്നാല്‍ ലേലം വിളിയുടെ ആദ്യ ഘട്ടത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും ഗാംഗുലിക്കുവേണ്ടി രംഗത്തെത്തിയില്ല. കഴിഞ്ഞ ഐ പി എല്ലില്‍ ഗാംഗുലി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുപോലും ആര്‍ക്കും ഗാംഗുലിയെ വേണ്ടായിരുന്നു. ലേലം സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരുന്നവര്‍ ഞെട്ടലോടെയാണ് ഗാംഗുലിയുടെ ദയനീയ സ്ഥിതി കണ്ടത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്ടനായിരുന്ന സൌരവ് ഗാംഗുലി കോച്ച് ജോണ്‍ ബുക്കാനനുമായുണ്ടായ തര്‍ക്കങ്ങളിലൂടെ കഴിഞ്ഞ ഐ പി എല്‍ കാലത്ത് വിവാദപുരുഷനായി മാറിയിരുന്നു. പ്രകടനത്തേക്കാള്‍, എപ്പോഴും വിവാദങ്ങളില്‍ പെടുന്ന വ്യക്തി എന്ന ഇമേജായിരിക്കണം ഗാംഗുലിയെ ഉള്‍ക്കൊള്ളാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറാകാതിരുന്നതിന് കാരണം.

കഴിഞ്ഞ തവണ കൊല്‍ക്കത്തയുടെ തന്നെ താരമായിരുന്നു ക്രിസ് ഗെയ്‌ലും. ആര്‍ക്കും മെരുങ്ങാത്ത പ്രകൃതവും ഫോമില്ലായ്മയുമാണ് അദ്ദേഹത്തെ എല്ലാവരും തഴയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.



No comments:

Post a Comment