‘കാസനോവ’ എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആലോചിച്ചുതുടങ്ങിയ കാലം മുതല്‍ വിവാദങ്ങള്‍ അതിന്‍റെ കൂടെയുണ്ട്. നിര്‍മ്മാതാക്കളുടെയും താരങ്ങളുടെയും പിന്‍മാറ്റവും വലിയ ബജറ്റും ചിത്രീകരണം നീളുന്നതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഇപ്പോഴിതാ, മോഹന്‍ലാല്‍ കാസനോവയെക്കാള്‍ മറ്റു പ്രൊജക്ടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കാസനോവയുടെ ഷൂട്ടിംഗ് നീണ്ടുപോകുന്നത് വകവയ്ക്കാതെ മോഹന്‍ലാല്‍ ‘ചൈനാ ടൌണ്‍’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. മാത്രമല്ല, കാസനോവയ്ക്ക് മുമ്പ് ചൈനാടൌണ്‍ റിലീസ് ചെയ്യാനാണ് തീരുമാനം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് നിശ്ചയിച്ചിരുന്ന കാസനോവ ജൂലൈയിലെങ്കിലും റിലീസ് ചെയ്യുമോ എന്നത് കണ്ടറിയണം.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചൈനാ ടൌണിന്‍റെ ചിത്രീകരണം ഡിസംബര്‍ മധ്യത്തോടെയാണ് ആരംഭിക്കുന്നത്. ദിലീപും ജയറാമും കാവ്യാ മാധവനും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്. ആദ്യന്തം കോമഡിച്ചിത്രമായ ചൈനാ ടൌണ്‍ അടുത്തവര്‍ഷം വിഷുച്ചിത്രമായാണ് തിയേറ്ററുകളിലെത്തുന്നത്.
ഡിസംബര്‍ 12ന് കാസനോവയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ദുബായില്‍ അവസാനിക്കും. ഉടന്‍ തന്നെ ബാങ്കോക്ക് ഷെഡ്യൂള്‍ ആരംഭിക്കാനാണ് റോഷന്‍ ആന്‍ഡ്രൂസ് തീരുമാനിച്ചിരുന്നതെങ്കിലും തന്‍റെ മറ്റ് സിനിമകള്‍ ചെയ്തുതീര്‍ത്തതിനു ശേഷമേ ഇനി കാസനോവയിലേക്കുള്ളൂ എന്നാണ് മോഹന്‍ലാലിന്‍റെ നിലപാട്. ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ കുറച്ചുഭാഗം ചിത്രീകരണം തീരാനുണ്ട്. അതും ഇതിനിടെ പൂര്‍ത്തിയാക്കും.
0 comments:
Post a Comment